33
മീഖാ
5:1 --- ഇപ്പോൾ പടക്കൂട്ടങ്ങളുടെ മകളേ, പടക്കൂട്ടമായി കൂടുക; അവൻ നമ്മുടെ നേരെ വാടകോരുന്നു; യിസ്രായേലിന്റെ ന്യായാധിപതിയെ അവർ വടികൊണ്ടു ചെകിട്ടത്തു അടിക്കുന്നു.
5:2 --- നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.
5:3 --- അതുകൊണ്ടു പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിവരും.
5:4 --- എന്നാൽ അവൻ നിന്നു യഹോവയുടെ ശക്തിയോടും തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹിമയോടുംകൂടെ മേയിക്കും; അവൻ നിർഭയം വസിക്കും; അവൻ അന്നു ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ.
5:5 --- അവൻ സമാധാനമാകും; അശ്ശൂർ നമ്മുടെ ദേശത്തു വന്നു നമ്മുടെ അരമനകളിൽ ചവിട്ടുമ്പോൾ നാം അവരുടെ നേരെ ഏഴു ഇടയന്മാരെയും എട്ടു മാനുഷപ്രഭുക്കന്മാരെയും നിർത്തും.
5:6 --- അവർ അശ്ശൂർദേശത്തെയും അതിന്റെ പ്രവശേനങ്ങളിൽവെച്ചു നിമ്രോദ് ദേശത്തെയും വാൾകൊണ്ടു പാഴാക്കും; അശ്ശൂർ നമ്മുടെ ദേശത്തു വന്നു നമ്മുടെ അതിരുകളിൽ ചവിട്ടുമ്പോൾ അവൻ നമ്മെ അവരുടെ കയ്യിൽനിന്നു വിടുവിക്കും.
5:7 --- യാക്കോബിൽ ശേഷിപ്പുള്ളവർ പലജാതികളുടെയും ഇടയിൽ യഹോവയിങ്കൽ നിന്നുള്ള മഞ്ഞുപോലെയും മനുഷ്യന്നായി താമസിക്കയോ മനുഷ്യപുത്രന്മാർക്കായി കാത്തിരിക്കയോ ചെയ്യാതെ പുല്ലിന്മേൽ പെയ്യുന്ന മാരിപോലെയും ആകും.
5:8 --- യാക്കോബിൽ ശേഷിപ്പുള്ളവർ ജാതികളുടെ ഇടയിൽ, അനേകവംശങ്ങളുടെ ഇടയിൽ തന്നേ, കാട്ടുമൃഗങ്ങളിൽ ഒരു സിംഹംപോലെയും ആട്ടിൻ കൂട്ടങ്ങളിൽ ഒരു ബാലസിംഹംപോലെയും ആകും; അതു അകത്തു കടന്നാൽ ചവിട്ടി കടിച്ചുകീറിക്കളയും; വിടുവിപ്പാൻ ആരും ഉണ്ടാകയില്ല.
5:9 --- നിന്റെ കൈ നിന്റെ വൈരികൾക്കുമീതെ ഉയർന്നിരിക്കും; നിന്റെ സകലശത്രുക്കളും ഛേദിക്കപ്പെടും.
5:10 --- അന്നാളിൽ ഞാൻ നിന്റെ കുതിരകളെ നിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും നിന്റെ രഥങ്ങളെ നശിപ്പിക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.
5:11 --- ഞാൻ നിന്റെ ദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കയും നിന്റെ കോട്ടകളെ ഒക്കെയും ഇടിച്ചുകളകയും ചെയ്യും.
5:12 --- ഞാൻ ക്ഷുദ്രപ്രയോഗങ്ങളെ നിന്റെ കയ്യിൽനിന്നു ഛേദിച്ചുകളയും; ശകുനവാദികൾ നിനക്കു ഇനി ഉണ്ടാകയുമില്ല.
5:13 --- ഞാൻ വിഗ്രഹങ്ങളെയും സ്തംഭപ്രതിഷ്ഠകളെയും നിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും; നീ ഇനി നിന്റെ കൈപ്പണിയെ നമസ്കരിക്കയുമില്ല.
5:14 --- ഞാൻ നിന്റെ അശേരാപ്രതിഷ്ഠകളെ നിന്റെ നടുവിൽനിന്നു പറിച്ചുകളകയും നിന്റെ പട്ടണങ്ങളെ നശിപ്പിക്കയും ചെയ്യും.
5:15 --- ഞാൻ ജാതികളോടു അവർ കേട്ടിട്ടില്ലാത്തവണ്ണം കോപത്തോടും ക്രോധത്തോടും കൂടെ പ്രതികാരം ചെയ്യും.