Home

4

സംഖ്യാപുസ്തകം


123456789101112131415161718192021222324252627282930313233343536


1:1 --- അവർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി യഹോവ സീനായിമരുഭൂമിയിൽ സമാഗമനക്കുടാരത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:

1:2 --- നിങ്ങൾ യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരെയും ആളാംപ്രതി പേർവഴി ചാർത്തി സംഘത്തിന്റെ ആകത്തുക എടുക്കേണം.

1:3 --- നീയും അഹരോനും യിസ്രായേലിൽ ഇരുപതു വയസ്സുമുതൽ മേലോട്ടു, യുദ്ധത്തിന്നു പുറപ്പെടുവാൻ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം.

1:4 --- ഓരോ ഗോത്രത്തിൽനിന്നു തന്റെ കുടുംബത്തിൽ തലവനായ ഒരുത്തൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.

1:5 --- നിങ്ങളോടുകൂടെ നിൽക്കേണ്ടുന്ന പുരുഷന്മാരുടെ പേരാവിതു: രൂബേൻ ഗോത്രത്തിൽ ശെദേയൂരിന്റെ മകൻ എലീസൂർ;

1:6 --- ശിമെയോൻ ഗോത്രത്തിൽ സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ;

1:7 --- യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകൻ നഹശോൻ;

1:8 --- യിസ്സാഖാർ ഗോത്രത്തിൽ സൂവാരിന്റെ മകൻ നെഥനയേൽ;

1:9 --- സെബൂലൂൻ ഗോത്രത്തിൽ ഹോലോന്റെ മകൻ എലീയാബ്;

1:10 --- യോസേഫിന്റെ മക്കളിൽ എഫ്രയീംഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ എലീശാമാ; മനശ്ശെഗോത്രത്തിൽ പെദാസൂരിന്റെ മകൻ ഗമലീയേൽ;

1:11 --- ബെന്യാമീൻ ഗോത്രത്തിൽ ഗിദെയോനിയുടെ മകൻ അബീദാൻ;

1:12 --- ദാൻഗോത്രത്തിൽ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ;

1:13 --- ആശേർഗോത്രത്തിൽ ഒക്രാന്റെ മകൻ പഗീയേൽ;

1:14 --- ഗാദ്ഗോത്രത്തിൽ ദെയൂവേലിന്റെ മകൻ എലീയാസാഫ്;

1:15 --- നഫ്താലിഗോത്രത്തിൽ ഏനാന്റെ മകൻ അഹീര.

1:16 --- ഇവർ സംഘത്തിൽനിന്നു വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളിൽ പ്രഭുക്കന്മാരും യിസ്രായേലിൽ സഹസ്രാധിപന്മാരും ആയിരുന്നു.

1:17 --- കുറിക്കപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി.

1:18 --- രണ്ടാം മാസം ഒന്നാം തിയ്യതി അവർ സർവ്വസഭയെയും വിളിച്ചുകൂട്ടി; അവർ ഗോത്രം ഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മോലോട്ടു പേരു പേരായി താന്താങ്ങളുടെ വംശവിവരം അറിയിച്ചു.

1:19 --- യഹോവ മോശെയോടു കല്പിച്ചതു പോലെ അവൻ സീനായിമരുഭൂമിയിൽവെച്ചു അവരുടെ എണ്ണമെടുത്തു.

1:20 --- യിസ്രായേലിന്റെ മൂത്തമകനായ രൂബേന്റെ മക്കളുടെ സന്തതികൾ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മേലോട്ടു, യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും

1:21 --- പേരുപേരായി രൂബേൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്താറായിരത്തഞ്ഞൂറു പേർ.

1:22 --- ശിമെയോന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും

1:23 --- പേരുപേരായി ശിമെയോൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേർ.

1:24 --- ഗാദിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

1:25 --- ഗാദ്ഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേർ.

1:26 --- യെഹൂദയുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

1:27 --- യെഹൂദാഗോത്രത്തിൽ എണ്ണപ്പെട്ടവർ എഴുപത്തുനാലായിരത്തറുനൂറു പേർ.

1:28 --- യിസ്സാഖാരിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

1:29 --- യിസ്സാഖാർഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തുനാലായിരത്തി നാനൂറു പേർ.

1:30 --- സെബൂലൂന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും

1:31 --- പേരു പേരായി സെബൂലൂൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തേഴായിരത്തി നാനൂറു പേർ.

1:32 --- യോസേഫിന്റെ മക്കളിൽ എഫ്രയീമിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും

1:33 --- പേരുപേരായി എഫ്രയീംഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പതിനായിരത്തഞ്ഞൂറു പേർ.

1:34 --- മനശ്ശെയുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

1:35 --- മനശ്ശെഗോത്രത്തിൽ എണ്ണപ്പെട്ടവർ മുപ്പത്തീരായിരത്തിരുനൂറു പേർ.

1:36 --- ബെന്യാമീന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

1:37 --- ബെന്യാമീൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ മുപ്പത്തയ്യായിരത്തി നാനൂറു പേർ.

1:38 --- ദാന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

1:39 --- ദാൻഗോത്രത്തിൽ എണ്ണപ്പെട്ടവർ അറുപത്തീരായിരത്തെഴുനൂറു പേർ.

1:40 --- ആശേരിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

1:41 --- ആശേർഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്തോരായിരത്തഞ്ഞൂറു പേർ.

1:42 --- നഫ്താലിയുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി

1:43 --- നഫ്താലിഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തുമൂവായിരത്തി നാനൂറു പേർ.

1:44 --- മോശെയും അഹരോനും ഗോത്രത്തിന്നു ഒരുവൻ വീതം യിസ്രായേൽപ്രഭുക്കന്മാരായ പന്ത്രണ്ടു പുരുഷന്മാരും കൂടി എണ്ണമെടുത്തവർ ഇവർ തന്നേ.

1:45 --- യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായി ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരുമായി

1:46 --- എണ്ണപ്പെട്ടവർ ആകെ ആറു ലക്ഷത്തി മൂവായിരത്തഞ്ഞൂറ്റമ്പതു പേർ ആയിരുന്നു.

1:47 --- ഇവരുടെ കൂട്ടത്തിൽ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല.

1:48 --- ലേവിഗോത്രത്തെ മാത്രം എണ്ണരുതു;

1:49 --- യിസ്രായേൽമക്കളുടെ ഇടയിൽ അവരുടെ സംഖ്യ എടുക്കയും അരുതു എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.

1:50 --- ലേവ്യരെ സാക്ഷ്യനിവാസത്തിന്നും അതിന്റെ ഉപകരണങ്ങൾക്കും വസ്തുക്കൾക്കും ഒക്കെ വിചാരകന്മാരായി നിയമിക്കേണം; അവർ തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കേണം; അവർ അതിന്നു ശുശ്രൂഷ ചെയ്കയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ചു പാർക്കയും വേണം.

1:51 --- തിരുനിവാസം പുറപ്പെടുമ്പോൾ ലേവ്യർ അതു അഴിച്ചെടുക്കേണം; തിരുനിവാസം അടിക്കുമ്പോൾ ലേവ്യർ അതു നിവിർത്തേണം; ഒരന്യൻ അടുത്തുവന്നാൽ മരണ ശിക്ഷ അനുഭവിക്കേണം.

1:52 --- യിസ്രായേൽമക്കൾ ഗണംഗണമായി ഓരോരുത്തൻ താന്താന്റെ പാളയത്തിലും ഓരോരുത്തൻ താന്താന്റെ കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കേണം.

1:53 --- എന്നാൽ യിസ്രായേൽമക്കളുടെ സംഘത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന്നു ലേവ്യർ സാക്ഷ്യനിവാസത്തിന്നു ചുറ്റം പാളയമിറങ്ങേണം; ലേവ്യർ സാക്ഷ്യ നിവാസത്തിന്റെ കാര്യം നോക്കേണം

1:54 --- എന്നു യഹോവ മോശെയോടു കല്പിച്ചതുപോലെ എല്ലാം യിസ്രായേൽമക്കൾ ചെയ്തു; അതു പോലെ തന്നെ അവർ ചെയ്തു.