Home

4

സംഖ്യാപുസ്തകം


123456789101112131415161718192021222324252627282930313233343536


6:1 --- യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

6:2 --- നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ യഹോവെക്കു തന്നെത്താൻ സമർപ്പിക്കേണ്ടതിന്നു നാസീർവ്രതം എന്ന വിശേഷ വിധിയായുള്ള വ്രതം ദീക്ഷിക്കുമ്പോൾ

6:3 --- വീഞ്ഞും മദ്യവും വർജ്ജിച്ചിരിക്കേണം: വീഞ്ഞിന്റെ കാടിയും മദ്യത്തിന്റെ കാടിയും കുടിക്കരുതു; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുതു; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുതു.

6:4 --- തന്റെ നാസീർവ്രതകാലത്തു ഒക്കെയും കുരുതൊട്ടു തൊലിവരെ മുന്തിരിങ്ങാകൊണ്ടു ഉണ്ടാക്കുന്നതു ഒന്നും അവൻ തിന്നരുതു.

6:5 --- നാസീർവ്രതകാലത്തൊക്കെയും ക്ഷൌരക്കത്തി അവന്റെ തലയിൽ തൊടരുതു; യഹോവെക്കു തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലം തികയുവോളം അവൻ വിശുദ്ധനായിരിക്കേണം: തലമുടി വളർത്തേണം.

6:6 --- അവൻ യഹോവെക്കു തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുതു;

6:7 --- അപ്പൻ, അമ്മ, സഹോദരൻ, സഹോദരി എന്നിവരിൽ ആരെങ്കിലും മരിക്കുമ്പോൾ അവരാൽ അവൻ തന്നെത്താൻ അശുദ്ധനാകരുതു; അവന്റെ ദൈവത്തിന്റെ നാസീർവ്രതം അവന്റെ തലയിൽ ഇരിക്കുന്നു;

6:8 --- നാസീർവ്രതകാലത്തു ഒക്കെയും അവൻ യഹോവെക്കു വിശുദ്ധൻ ആകുന്നു.

6:9 --- അവന്റെ അടുക്കൽവെച്ചു വല്ലവനും പെട്ടെന്നു മരിക്കയും അവന്റെ നാസീർവ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താൽ അവൻ തന്റെ ശുദ്ധീകരണദിവസത്തിൽ തല ക്ഷൌരം ചെയ്യേണം; ഏഴാം ദിവസം അവൻ ക്ഷൌരം ചെയ്യേണം.

6:10 --- എട്ടാം ദിവസം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻ കുഞ്ഞിനെയോ പുരോഹിതന്റെ അടുക്കൽ സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരേണം.

6:11 --- പുരോഹിതൻ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിച്ചു ശവത്താൽ അവൻ പിഴെച്ചതുകൊണ്ടു അവന്നു വേണ്ടി പ്രായശ്ചിത്തം കഴിച്ചു അവന്റെ തല അന്നുതന്നേ ശുദ്ധീകരിക്കേണം.

6:12 --- അവൻ വീണ്ടും തന്റെ നാസീർ വ്രതത്തിന്റെ കാലം യഹോവെക്കു വേർതിരിച്ചു ഒരു വയസ്സു പ്രായമുള്ള ഒരു ആട്ടിൻ കുട്ടിയെ അകൃത്യയാഗമായി കൊണ്ടുവരേണം അവന്റെ നാസീർവ്രതം അശുദ്ധമായിപ്പോയതുകൊണ്ടു മുമ്പിലത്തെ കാലം തള്ളിപ്പോകേണം.

6:13 --- വ്രതസ്ഥന്റെ പ്രമാണം ആവിതു: അവന്റെ നാസീർവ്രതത്തിന്റെ കാലം തികയുമ്പോൾ അവനെ സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരേണം.

6:14 --- അവൻ യഹോവെക്കു വഴിപാടായി ഹോമയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻ കുട്ടി, പാപയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഒരു പെണ്ണാട്ടിൻ കുട്ടി, സമാധാനയാഗത്തിന്നു ഊനമില്ലാത്ത ഒരു ആട്ടുകൊറ്റൻ,

6:15 --- ഒരു കൊട്ടയിൽ, എണ്ണചേർത്തു നേരിയ മാവുകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അർപ്പിക്കേണം.

6:16 --- പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു അവന്റെ പാപയാഗവും ഹോമയാഗവും അർപ്പിക്കേണം.

6:17 --- അവൻ ആട്ടുകൊറ്റനെ കൊട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ യഹോവെക്കു സമാധാന യാഗമായി അർപ്പിക്കേണം; പുരോഹിതൻ അതിന്റെ ഭോജനയാഗവും പാനീയയാഗവും കൂടെ അർപ്പിക്കേണം.

6:18 --- പിന്നെ വ്രതസ്ഥൻ സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽവെച്ചു തന്റെ വ്രതമുള്ള തല ക്ഷൌരം ചെയ്തു തന്റെ വ്രതമുള്ള തലമുടി എടുത്തു സമാധാനയാഗത്തിൻ കീഴുള്ള തീയിൽ ഇടേണം;

6:19 --- വ്രതസ്ഥൻ തന്റെ വ്രതമുള്ള തല ക്ഷൌരം ചെയ്തശേഷം പുരോഹിതൻ ആട്ടുകൊറ്റന്റെ വേവിച്ച കൈക്കുറകും കൊട്ടയിൽനിന്നു പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്തു അവയെ വ്രതസ്ഥന്റെ കൈയിൽ വെക്കേണം.

6:20 --- പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം; ഇതു നീരാജനം ചെയ്ത നെഞ്ചോടും ഉദർച്ച ചെയ്ത കൈക്കുറകോടും കൂടെ പുരോഹിതന്നു വേണ്ടി വിശുദ്ധമാകുന്നു; അതിന്റെ ശേഷം വ്രതസ്ഥന്നു വീഞ്ഞു കുടിക്കാം.

6:21 --- നാസീർവ്രതം ദീക്ഷിക്കുന്ന വ്രതസ്ഥന്റെയും അവൻ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നതു കൂടാതെ തന്റെ നാസീർവ്രതം ഹേതുവായി യഹോവെക്കു കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതു തന്നേ. അവൻ ദീക്ഷിച്ച വ്രതംപോലെ തന്റെ നാസീർവ്രതത്തിന്റെ പ്രമാണത്തിന്നു അനുസരണയായി തന്നേ അവൻ ചെയ്യേണം.

6:22 --- യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

6:23 --- നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതു: നിങ്ങൾ യിസ്രായേൽ മക്കളെ അനുഗ്രഹിച്ചു ചൊല്ലേണ്ടതു എന്തെന്നാൽ:

6:24 --- യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ;

6:25 --- യഹോവ തിരുമുഖം നിന്റെ മേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ;

6:26 --- യഹോവ തിരുമുഖം നിന്റെ മേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ.

6:27 --- ഇങ്ങനെ അവർ യിസ്രായേൽമക്കളുടെ മേൽ എന്റെ നാമം വെക്കേണം; ഞാൻ അവരെ അനുഗ്രഹിക്കും.