56
തീത്തൊസ്
1:1 --- നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താൽ തക്കസമയത്തു തന്റെ വചനം വെളിപ്പെടുത്തിയ
1:2 --- ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി
1:3 --- തന്റെ വൃതന്മാരുടെ വിശ്വാസത്തിന്നും ഭക്തിക്കനുസാരമായ സത്യത്തിന്റെ പരിജ്ഞാനത്തിന്നുമായി ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൌലൊസ്
1:4 --- പൊതുവിശ്വാസത്തിൽ നിജപുത്രനായ തീത്തൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽ നിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കൽ നിന്നും, നിനക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
1:5 --- ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നതു: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നും ഞാൻ നിന്നോടു ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കി വെക്കേണ്ടതിന്നും തന്നേ.
1:6 --- മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം.
1:7 --- അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുർല്ലാഭമോഹിയും അരുതു.
1:8 --- അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമ്മലനും ജിതേന്ദ്രിയനും
1:9 --- പത്ഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്നു ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം.
1:10 --- വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും ഉണ്ടല്ലോ;
1:11 --- വിശേഷാൽ പരിച്ഛേദനക്കാർ തന്നേ. അവരുടെ വായ് അടെക്കേണ്ടതാകുന്നു. അവർ ദുരാദായം വിചാരിച്ചു അരുതാത്തതു ഉപദേശിച്ചുകൊണ്ടു കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു.
1:12 --- ക്രേത്തർ സർവ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്നു അവരിൽ ഒരുവൻ, അവരുടെ ഒരു വിദ്വാൻ തന്നേ, പറഞ്ഞിരിക്കുന്നു.
1:13 --- ഈ സാക്ഷ്യം നേർ തന്നേ; അതു നിമിത്തം അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിന്നും
1:14 --- യെഹൂദകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിന്നും അവരെ കഠിനമായി ശാസിക്ക.
1:15 --- ശുദ്ധിയുള്ളവർക്കു എല്ലാം ശുദ്ധം തന്നേ; എന്നാൽ മലിനന്മാർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല; അവരുടെ ചിത്തവും മനസ്സാക്ഷിയും മലിനമായി തീർന്നിരിക്കുന്നു.
1:16 --- അവർ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു. അവർ അറെക്കത്തക്കവരും അനുസരണം കെട്ടവരും യാതൊരു നല്ല കാര്യത്തിന്നും കൊള്ളരുതാത്തവരുമാകുന്നു.