ഖുർആൻ

Quran in Malayalam

സൂറകളുടെ പട്ടികയിലേക്ക് മടങ്ങുക

سورة يونس

ജോനാ

109 വചനങ്ങൾ

بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ
4
Ayah 4

إِلَيْهِ مَرْجِعُكُمْ جَمِيعًا ۖ وَعْدَ اللَّهِ حَقًّا ۚ إِنَّهُ يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ لِيَجْزِيَ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ بِالْقِسْطِ ۚ وَالَّذِينَ كَفَرُوا لَهُمْ شَرَابٌ مِّنْ حَمِيمٍ وَعَذَابٌ أَلِيمٌ بِمَا كَانُوا يَكْفُرُونَ

അവനിലേക്കാണ് നിങ്ങളുടെയൊക്കെ മടക്കം. ഇത് അല്ലാഹുവിന്റെ തെറ്റുപറ്റാത്ത വാഗ്ദാനമാണ്. തീര്‍ച്ചയായും അവനാണ് സൃഷ്ടികര്‍മം ആരംഭിക്കുന്നത്. പിന്നെ അതാവര്‍ത്തിക്കുകയും ചെയ്യുന്നു. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ന്യായമായ പ്രതിഫലം നല്‍കാനാണിത്. എന്നാല്‍ സത്യനിഷേധികള്‍ക്ക് തിളച്ചുമറിയുന്ന പാനീയമാണുണ്ടാവുക. നോവേറിയ ശിക്ഷയും. അവര്‍ സത്യത്തെ നിഷേധിച്ചുകൊണ്ടിരുന്നതിനാലാണിത്.

15
Ayah 15

وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ ۙ قَالَ الَّذِينَ لَا يَرْجُونَ لِقَاءَنَا ائْتِ بِقُرْآنٍ غَيْرِ هَـٰذَا أَوْ بَدِّلْهُ ۚ قُلْ مَا يَكُونُ لِي أَنْ أُبَدِّلَهُ مِن تِلْقَاءِ نَفْسِي ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰ إِلَيَّ ۖ إِنِّي أَخَافُ إِنْ عَصَيْتُ رَبِّي عَذَابَ يَوْمٍ عَظِيمٍ

നമ്മുടെ സുവ്യക്തമായ വചനങ്ങള്‍ അവരെ ഓതിക്കേള്‍പ്പിക്കുമ്പോള്‍ നാമുമായി കണ്ടുമുട്ടുമെന്ന് കരുതാത്തവര്‍ പറയും: "നീ ഇതല്ലാത്ത മറ്റൊരു ഖുര്‍ആന്‍ കൊണ്ടുവരിക. അല്ലെങ്കില്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്തുക.” പറയുക: "എന്റെ സ്വന്തം വകയായി അതില്‍ ഭേദഗതി വരുത്താന്‍ എനിക്കവകാശമില്ല. എനിക്ക് ബോധനമായി കിട്ടുന്നത് പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. എന്റെ നാഥനെ ഞാന്‍ ധിക്കരിക്കുകയാണെങ്കില്‍ അതിഭയങ്കരമായ ഒരു നാളിലെ ശിക്ഷ എന്നെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.”

22
Ayah 22

هُوَ الَّذِي يُسَيِّرُكُمْ فِي الْبَرِّ وَالْبَحْرِ ۖ حَتَّىٰ إِذَا كُنتُمْ فِي الْفُلْكِ وَجَرَيْنَ بِهِم بِرِيحٍ طَيِّبَةٍ وَفَرِحُوا بِهَا جَاءَتْهَا رِيحٌ عَاصِفٌ وَجَاءَهُمُ الْمَوْجُ مِن كُلِّ مَكَانٍ وَظَنُّوا أَنَّهُمْ أُحِيطَ بِهِمْ ۙ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ لَئِنْ أَنجَيْتَنَا مِنْ هَـٰذِهِ لَنَكُونَنَّ مِنَ الشَّاكِرِينَ

കരയിലും കടലിലും നിങ്ങള്‍ക്ക് സഞ്ചരിക്കാനവസരമൊരുക്കിയത് ആ അല്ലാഹുതന്നെയാണ്. അങ്ങനെ നിങ്ങള്‍ കപ്പലിലായിരിക്കെ, സുഖകരമായ കാറ്റുവീശി. യാത്രക്കാരെയും കൊണ്ട് കപ്പല്‍ നീങ്ങിത്തുടങ്ങി. അവരതില്‍ സന്തുഷ്ടരായി. പെട്ടെന്നൊരു കൊടുങ്കാറ്റടിച്ചു. എല്ലാ ഭാഗത്തുനിന്നും തിരമാലകള്‍ അവരുടെ നേരെ ആഞ്ഞു വീശി. കൊടുങ്കാറ്റ് തങ്ങളെ വലയം ചെയ്തതായി അവര്‍ക്കുതോന്നി. അപ്പോള്‍ തങ്ങളുടെ വണക്കം അല്ലാഹുവിന് മാത്രം സമര്‍പ്പിച്ചുകൊണ്ട് അവര്‍ അവനോട് പ്രാര്‍ഥിച്ചു: "ഞങ്ങളെ നീ ഇതില്‍നിന്ന് രക്ഷപ്പെടുത്തിയാല്‍ ഉറപ്പായും ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കും.”

24
Ayah 24

إِنَّمَا مَثَلُ الْحَيَاةِ الدُّنْيَا كَمَاءٍ أَنزَلْنَاهُ مِنَ السَّمَاءِ فَاخْتَلَطَ بِهِ نَبَاتُ الْأَرْضِ مِمَّا يَأْكُلُ النَّاسُ وَالْأَنْعَامُ حَتَّىٰ إِذَا أَخَذَتِ الْأَرْضُ زُخْرُفَهَا وَازَّيَّنَتْ وَظَنَّ أَهْلُهَا أَنَّهُمْ قَادِرُونَ عَلَيْهَا أَتَاهَا أَمْرُنَا لَيْلًا أَوْ نَهَارًا فَجَعَلْنَاهَا حَصِيدًا كَأَن لَّمْ تَغْنَ بِالْأَمْسِ ۚ كَذَٰلِكَ نُفَصِّلُ الْآيَاتِ لِقَوْمٍ يَتَفَكَّرُونَ

ഐഹികജീവിതത്തിന്റെ ഉപമ യിതാ: മാനത്തുനിന്നു നാം മഴ പെയ്യിച്ചു. അതുവഴി ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും തിന്നാന്‍. അങ്ങനെ ഭൂമി അതിന്റെ ചമയങ്ങളണിയുകയും ചേതോഹരമാവുകയും ചെയ്തു. അവയൊക്കെ അനുഭവിക്കാന്‍ തങ്ങള്‍ കഴിവുറ്റവരായിരിക്കുന്നുവെന്ന് അതിന്റെ ഉടമകള്‍ കരുതി. അപ്പോള്‍ രാത്രിയോ പകലോ നമ്മുടെ കല്‍പന വന്നെത്തുന്നു. അങ്ങനെ നാമതിനെ നിശ്ശേഷം നശിപ്പിക്കുന്നു; ഇന്നലെ അവിടെ ഒന്നുംതന്നെ ഉണ്ടായിരുന്നിട്ടില്ലാത്തവിധം. ചിന്തിച്ചു മനസ്സിലാക്കുന്ന ജനതക്കുവേണ്ടിയാണ് നാം ഇവ്വിധം തെളിവുകള്‍ വിശദീകരിക്കുന്നത്.

61
Ayah 61

وَمَا تَكُونُ فِي شَأْنٍ وَمَا تَتْلُو مِنْهُ مِن قُرْآنٍ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ ۚ وَمَا يَعْزُبُ عَن رَّبِّكَ مِن مِّثْقَالِ ذَرَّةٍ فِي الْأَرْضِ وَلَا فِي السَّمَاءِ وَلَا أَصْغَرَ مِن ذَٰلِكَ وَلَا أَكْبَرَ إِلَّا فِي كِتَابٍ مُّبِينٍ

നീ ഏതുകാര്യത്തിലാവട്ടെ; ഖുര്‍ആനില്‍നിന്ന് എന്തെങ്കിലും ഓതിക്കേള്‍പ്പിക്കുകയാകട്ടെ; നിങ്ങള്‍ ഏത് പ്രവൃത്തി ചെയ്യുകയാകട്ടെ; നിങ്ങളതില്‍ ഏര്‍പ്പെടുമ്പോഴെല്ലാം നാം നിങ്ങളുടെമേല്‍ സാക്ഷിയായി ഉണ്ടാവാതിരിക്കില്ല. ആകാശഭൂമികളിലെ അണുപോലുള്ളതോ അതിനെക്കാള്‍ ചെറുതോ വലുതോ ആയ ഒന്നും നിന്റെ നാഥന്റെ ശ്രദ്ധയില്‍പെടാതെയില്ല. വ്യക്തമായ പ്രമാണത്തില്‍ രേഖപ്പെടുത്താത്ത ഒന്നും തന്നെയില്ല.

71
Ayah 71

وَاتْلُ عَلَيْهِمْ نَبَأَ نُوحٍ إِذْ قَالَ لِقَوْمِهِ يَا قَوْمِ إِن كَانَ كَبُرَ عَلَيْكُم مَّقَامِي وَتَذْكِيرِي بِآيَاتِ اللَّهِ فَعَلَى اللَّهِ تَوَكَّلْتُ فَأَجْمِعُوا أَمْرَكُمْ وَشُرَكَاءَكُمْ ثُمَّ لَا يَكُنْ أَمْرُكُمْ عَلَيْكُمْ غُمَّةً ثُمَّ اقْضُوا إِلَيَّ وَلَا تُنظِرُونِ

നീ അവരെ നൂഹിന്റെ കഥ ഓതിക്കേള്‍പ്പിക്കുക. അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: "എന്റെ ജനമേ, എന്റെ സാന്നിധ്യവും ദൈവിക വചനങ്ങളെ സംബന്ധിച്ച എന്റെ ഉണര്‍ത്തലും നിങ്ങള്‍ക്ക് ഏറെ ദുസ്സഹമായിത്തോന്നുന്നുവെങ്കില്‍ ഞാനിതാ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നു. നിങ്ങളുടെ കാര്യം നിങ്ങളും നിങ്ങള്‍ സങ്കല്‍പിച്ചുണ്ടാക്കിയ പങ്കാളികളുംകൂടി തീരുമാനിച്ചുകൊള്ളുക. പിന്നെ നിങ്ങളുടെ തീരുമാനം നിങ്ങള്‍ക്കൊരിക്കലും അവ്യക്തമാകരുത്. എന്നിട്ട് നിങ്ങളത് എനിക്കെതിരെ നടപ്പാക്കിക്കൊള്ളുക. എനിക്കൊട്ടും അവധി തരേണ്ടതില്ല.