ഖുർആൻ

Quran in Malayalam

സൂറകളുടെ പട്ടികയിലേക്ക് മടങ്ങുക

سورة النور

വെളിച്ചം

64 വചനങ്ങൾ

بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ
21
Ayah 21

يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ وَمَن يَتَّبِعْ خُطُوَاتِ الشَّيْطَانِ فَإِنَّهُ يَأْمُرُ بِالْفَحْشَاءِ وَالْمُنكَرِ ۚ وَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ مَا زَكَىٰ مِنكُم مِّنْ أَحَدٍ أَبَدًا وَلَـٰكِنَّ اللَّهَ يُزَكِّي مَن يَشَاءُ ۗ وَاللَّهُ سَمِيعٌ عَلِيمٌ

വിശ്വസിച്ചവരേ, നിങ്ങള്‍ പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റരുത്. ആരെങ്കിലും പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുകയാണെങ്കില്‍ അറിയുക: നീചവും നിഷിദ്ധവും ചെയ്യാനായിരിക്കും പിശാച് കല്‍പിക്കുക. നിങ്ങള്‍ക്ക് അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും ഇല്ലായിരുന്നെങ്കില്‍ നിങ്ങളിലാരും ഒരിക്കലും വിശുദ്ധിവരിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നവരെ ശുദ്ധീകരിക്കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.

22
Ayah 22

وَلَا يَأْتَلِ أُولُو الْفَضْلِ مِنكُمْ وَالسَّعَةِ أَن يُؤْتُوا أُولِي الْقُرْبَىٰ وَالْمَسَاكِينَ وَالْمُهَاجِرِينَ فِي سَبِيلِ اللَّهِ ۖ وَلْيَعْفُوا وَلْيَصْفَحُوا ۗ أَلَا تُحِبُّونَ أَن يَغْفِرَ اللَّهُ لَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ

നിങ്ങളില്‍ ദൈവാനുഗ്രഹവും സാമ്പത്തിക കഴിവുമുള്ളവര്‍, തങ്ങളുടെ കുടുംബക്കാര്‍ക്കും അഗതികള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവെടിഞ്ഞ് പലായനം ചെയ്തെത്തിയവര്‍ക്കും സഹായം കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.

31
Ayah 31

وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ

നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൌന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്. സത്യവിശ്വാസികളേ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.

33
Ayah 33

وَلْيَسْتَعْفِفِ الَّذِينَ لَا يَجِدُونَ نِكَاحًا حَتَّىٰ يُغْنِيَهُمُ اللَّهُ مِن فَضْلِهِ ۗ وَالَّذِينَ يَبْتَغُونَ الْكِتَابَ مِمَّا مَلَكَتْ أَيْمَانُكُمْ فَكَاتِبُوهُمْ إِنْ عَلِمْتُمْ فِيهِمْ خَيْرًا ۖ وَآتُوهُم مِّن مَّالِ اللَّهِ الَّذِي آتَاكُمْ ۚ وَلَا تُكْرِهُوا فَتَيَاتِكُمْ عَلَى الْبِغَاءِ إِنْ أَرَدْنَ تَحَصُّنًا لِّتَبْتَغُوا عَرَضَ الْحَيَاةِ الدُّنْيَا ۚ وَمَن يُكْرِههُّنَّ فَإِنَّ اللَّهَ مِن بَعْدِ إِكْرَاهِهِنَّ غَفُورٌ رَّحِيمٌ

വിവാഹം കഴിക്കാന്‍ കഴിവില്ലാത്തവര്‍ അല്ലാഹു തന്റെ ഔദാര്യത്താല്‍ അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കരുത്തുറ്റവരാക്കുംവരെ സദാചാരനിഷ്ഠ പാലിക്കണം. നിങ്ങളുടെ അടിമകളില്‍ മോചനക്കരാറിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവരുമായി നിങ്ങള്‍ മോചനക്കരാറുണ്ടാക്കുക. അവരില്‍ നന്മയുള്ളതായി നിങ്ങള്‍ക്കു ബോധ്യമുണ്ടെങ്കില്‍! അല്ലാഹു നിങ്ങള്‍ക്കേകിയ അവന്റെ ധനത്തില്‍നിന്ന് അവര്‍ക്ക് കൊടുക്കുകയും ചെയ്യുക. ഭൌതികനേട്ടം കൊതിച്ച്, നിങ്ങളുടെ അടിമസ്ത്രീകളെ- അവര്‍ ചാരിത്രവതികളായി ജീവിക്കാനാഗ്രഹിക്കുമ്പോള്‍- നിങ്ങള്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്. ആരെങ്കിലുമവരെ അതിനു നിര്‍ബന്ധിക്കുകയാണെങ്കില്‍ ആ നിര്‍ബന്ധിതരോട് അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമല്ലോ.

35
Ayah 35

اللَّهُ نُورُ السَّمَاوَاتِ وَالْأَرْضِ ۚ مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ ۖ الْمِصْبَاحُ فِي زُجَاجَةٍ ۖ الزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ يُوقَدُ مِن شَجَرَةٍ مُّبَارَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِيءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِي اللَّهُ لِنُورِهِ مَن يَشَاءُ ۚ وَيَضْرِبُ اللَّهُ الْأَمْثَالَ لِلنَّاسِ ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ

അല്ലാഹു ആകാശഭൂമികളുടെ വെളിച്ചമാണ്. അവന്റെ വെളിച്ചത്തിന്റെ ഉപമയിതാ: ഒരു വിളക്കുമാടം; അതിലൊരു വിളക്ക്. വിളക്ക് ഒരു സ്ഫടികക്കൂട്ടിലാണ്. സ്ഫടികക്കൂട് വെട്ടിത്തിളങ്ങുന്ന ആകാശനക്ഷത്രം പോലെയും. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നുള്ള എണ്ണ കൊണ്ടാണത് കത്തുന്നത്. അഥവാ, കിഴക്കനോ പടിഞ്ഞാറനോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ കൊളുത്തിയില്ലെങ്കില്‍പോലും സ്വയം പ്രകാശിക്കുമാറാകും. വെളിച്ചത്തിനുമേല്‍ വെളിച്ചം. അല്ലാഹു തന്റെ വെളിച്ചത്തിലേക്ക് താനിച്ഛിക്കുന്നവരെ നയിക്കുന്നു. അവന്‍ സര്‍വ ജനത്തിനുമായി ഉദാഹരണങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്.

43
Ayah 43

أَلَمْ تَرَ أَنَّ اللَّهَ يُزْجِي سَحَابًا ثُمَّ يُؤَلِّفُ بَيْنَهُ ثُمَّ يَجْعَلُهُ رُكَامًا فَتَرَى الْوَدْقَ يَخْرُجُ مِنْ خِلَالِهِ وَيُنَزِّلُ مِنَ السَّمَاءِ مِن جِبَالٍ فِيهَا مِن بَرَدٍ فَيُصِيبُ بِهِ مَن يَشَاءُ وَيَصْرِفُهُ عَن مَّن يَشَاءُ ۖ يَكَادُ سَنَا بَرْقِهِ يَذْهَبُ بِالْأَبْصَارِ

അല്ലാഹു കാര്‍മേഘത്തെ മന്ദംമന്ദം തെളിച്ചുകൊണ്ടുവരുന്നതും പിന്നീടവയെ ഒരുമിച്ചു ചേര്‍ക്കുന്നതും എന്നിട്ടതിനെ അട്ടിയാക്കിവെച്ച് കട്ടപിടിച്ചതാക്കുന്നതും നീ കണ്ടിട്ടില്ലേ? അങ്ങനെ അവയ്ക്കിടയില്‍ നിന്ന് മഴത്തുള്ളികള്‍ പുറപ്പെടുന്നത് നിനക്കു കാണാം. മാനത്തെ മലകള്‍പോലുള്ള മേഘക്കൂട്ടങ്ങളില്‍നിന്ന് അവന്‍ ആലിപ്പഴം വീഴ്ത്തുന്നു. എന്നിട്ട് താനിച്ഛിക്കുന്നവര്‍ക്ക് അതിന്റെ വിപത്ത് വരുത്തുന്നു. താനിച്ഛിക്കുന്നവരില്‍നിന്നത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍വെളിച്ചം കാഴ്ചകളെ ഇല്ലാതാക്കാന്‍ പോന്നതാണ്.

54
Ayah 54

قُلْ أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ ۖ فَإِن تَوَلَّوْا فَإِنَّمَا عَلَيْهِ مَا حُمِّلَ وَعَلَيْكُم مَّا حُمِّلْتُمْ ۖ وَإِن تُطِيعُوهُ تَهْتَدُوا ۚ وَمَا عَلَى الرَّسُولِ إِلَّا الْبَلَاغُ الْمُبِينُ

പറയുക: നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. അവന്റെ ദൂതനെയും അനുസരിക്കുക. അഥവാ, നിങ്ങള്‍ പുറംതിരിഞ്ഞുപോവുകയാണെങ്കില്‍ അറിയുക: ദൈവദൂതന് ബാധ്യതയുള്ളത് അദ്ദേഹം ഭരമേല്‍പിക്കപ്പെട്ട കാര്യത്തില്‍ മാത്രമാണ്. നിങ്ങള്‍ക്കുള്ള ബാധ്യത നിങ്ങള്‍ ഭരമേല്‍പിക്കപ്പെട്ട കാര്യത്തിലും. നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു നേര്‍വഴി നേടാം. ദൈവദൂതന്റെ ബാധ്യത, സന്ദേശം തെളിമയോടെ എത്തിക്കല്‍ മാത്രമാണ്.

55
Ayah 55

وَعَدَ اللَّهُ الَّذِينَ آمَنُوا مِنكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِي الْأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّن بَعْدِ خَوْفِهِمْ أَمْنًا ۚ يَعْبُدُونَنِي لَا يُشْرِكُونَ بِي شَيْئًا ۚ وَمَن كَفَرَ بَعْدَ ذَٰلِكَ فَأُولَـٰئِكَ هُمُ الْفَاسِقُونَ

നിങ്ങളില്‍ നിന്ന് സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു: "അവന്‍ അവരെ ഭൂമിയിലെ പ്രതിനിധികളാക്കും. അവരുടെ മുമ്പുള്ളവരെ പ്രതിനിധികളാക്കിയപോലെത്തന്നെ. അവര്‍ക്കായി അല്ലാഹു തൃപ്തിപ്പെട്ടേകിയ അവരുടെ ജീവിത വ്യവസ്ഥ സ്ഥാപിച്ചുകൊടുക്കും. നിലവിലുള്ള അവരുടെ ഭയാവസ്ഥക്കുപകരം നിര്‍ഭയാവസ്ഥ ഉണ്ടാക്കിക്കൊടുക്കും.” അവര്‍ എനിക്കു മാത്രമാണ് വഴിപ്പെടുക. എന്നിലൊന്നിനെയും പങ്കുചേര്‍ക്കുകയില്ല. അതിനുശേഷം ആരെങ്കിലും സത്യത്തെ നിഷേധിക്കുന്നുവെങ്കില്‍ അവര്‍ തന്നെയാണ് ധിക്കാരികള്‍.

58
Ayah 58

يَا أَيُّهَا الَّذِينَ آمَنُوا لِيَسْتَأْذِنكُمُ الَّذِينَ مَلَكَتْ أَيْمَانُكُمْ وَالَّذِينَ لَمْ يَبْلُغُوا الْحُلُمَ مِنكُمْ ثَلَاثَ مَرَّاتٍ ۚ مِّن قَبْلِ صَلَاةِ الْفَجْرِ وَحِينَ تَضَعُونَ ثِيَابَكُم مِّنَ الظَّهِيرَةِ وَمِن بَعْدِ صَلَاةِ الْعِشَاءِ ۚ ثَلَاثُ عَوْرَاتٍ لَّكُمْ ۚ لَيْسَ عَلَيْكُمْ وَلَا عَلَيْهِمْ جُنَاحٌ بَعْدَهُنَّ ۚ طَوَّافُونَ عَلَيْكُم بَعْضُكُمْ عَلَىٰ بَعْضٍ ۚ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمُ الْآيَاتِ ۗ وَاللَّهُ عَلِيمٌ حَكِيمٌ

വിശ്വസിച്ചവരേ, നിങ്ങളുടെ അടിമകളും നിങ്ങളിലെ പ്രായപൂര്‍ത്തിയെത്താത്തവരും മൂന്നു പ്രത്യേക സമയങ്ങളില്‍ അനുവാദം വാങ്ങിയശേഷമേ നിങ്ങളുടെയടുത്തു വരാന്‍ പാടുള്ളൂ. പ്രഭാത നമസ്കാരത്തിനു മുമ്പും ഉച്ചയുറക്കിന് നിങ്ങള്‍ വസ്ത്രമഴിച്ചുവെക്കുന്ന നേരത്തും ഇശാ നമസ്കാരത്തിനുശേഷവുമാണത്. ഇതുമൂന്നും നിങ്ങളുടെ സ്വകാര്യ സമയങ്ങളാണ്. മറ്റുസമയങ്ങളില്‍ അനുവാദമാരായാതെ നിങ്ങളുടെ അടുത്തുവരുന്നതില്‍ നിങ്ങള്‍ക്കോ അവര്‍ക്കോ കുറ്റമില്ല. അവര്‍ നിങ്ങളെ ചുറ്റിപ്പറ്റിക്കഴിയുന്നവരാണല്ലോ. നിങ്ങള്‍അന്യോന്യം ഇടകലര്‍ന്ന് ജീവിക്കുന്നവരുമാണ്. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ നിയമങ്ങള്‍ വിവരിച്ചുതരുന്നു. അല്ലാഹു എല്ലാം അറിയുന്നവനാണ്. യുക്തിമാനും.

61
Ayah 61

لَّيْسَ عَلَى الْأَعْمَىٰ حَرَجٌ وَلَا عَلَى الْأَعْرَجِ حَرَجٌ وَلَا عَلَى الْمَرِيضِ حَرَجٌ وَلَا عَلَىٰ أَنفُسِكُمْ أَن تَأْكُلُوا مِن بُيُوتِكُمْ أَوْ بُيُوتِ آبَائِكُمْ أَوْ بُيُوتِ أُمَّهَاتِكُمْ أَوْ بُيُوتِ إِخْوَانِكُمْ أَوْ بُيُوتِ أَخَوَاتِكُمْ أَوْ بُيُوتِ أَعْمَامِكُمْ أَوْ بُيُوتِ عَمَّاتِكُمْ أَوْ بُيُوتِ أَخْوَالِكُمْ أَوْ بُيُوتِ خَالَاتِكُمْ أَوْ مَا مَلَكْتُم مَّفَاتِحَهُ أَوْ صَدِيقِكُمْ ۚ لَيْسَ عَلَيْكُمْ جُنَاحٌ أَن تَأْكُلُوا جَمِيعًا أَوْ أَشْتَاتًا ۚ فَإِذَا دَخَلْتُم بُيُوتًا فَسَلِّمُوا عَلَىٰ أَنفُسِكُمْ تَحِيَّةً مِّنْ عِندِ اللَّهِ مُبَارَكَةً طَيِّبَةً ۚ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمُ الْآيَاتِ لَعَلَّكُمْ تَعْقِلُونَ

നിങ്ങളുടെയോ നിങ്ങളുടെ പിതാക്കള്‍, മാതാക്കള്‍, സഹോദരന്മാര്‍, സഹോദരിമാര്‍, പിതൃവ്യന്മാര്‍, അമ്മായിമാര്‍, അമ്മാവന്മാര്‍, മാതൃസഹോദരിമാര്‍ എന്നിവരുടെയോ വീടുകളില്‍നിന്ന് ഭക്ഷണം കഴിക്കുന്നതില്‍ കുരുടന്നും മുടന്തന്നും രോഗിക്കും നിങ്ങള്‍ക്കും കുറ്റമില്ല. ഏതു വീടിന്റെ താക്കോലുകള്‍ നിങ്ങളുടെ വശമാണോ ആ വീടുകളില്‍നിന്നും നിങ്ങളുടെ കൂട്ടുകാരന്റെ വീട്ടില്‍നിന്നും ആഹാരംകഴിക്കുന്നതിലും തെറ്റില്ല. നിങ്ങള്‍ക്ക് ഒറ്റക്കോ കൂട്ടായോ ആഹാരം കഴിക്കാവുന്നതാണ്. എന്നാല്‍ നിങ്ങള്‍ വീടുകളില്‍ കടന്നുചെല്ലുകയാണെങ്കില്‍ അല്ലാഹുവില്‍നിന്നുള്ള അനുഗൃഹീതവും പവിത്രവുമായ അഭിവാദ്യമെന്നനിലയില്‍ നിങ്ങളന്യോന്യം സലാം പറയണം. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ വചനങ്ങള്‍ വിശദീകരിച്ചുതരുന്നു. നിങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കാന്‍.

62
Ayah 62

إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّهِ وَرَسُولِهِ وَإِذَا كَانُوا مَعَهُ عَلَىٰ أَمْرٍ جَامِعٍ لَّمْ يَذْهَبُوا حَتَّىٰ يَسْتَأْذِنُوهُ ۚ إِنَّ الَّذِينَ يَسْتَأْذِنُونَكَ أُولَـٰئِكَ الَّذِينَ يُؤْمِنُونَ بِاللَّهِ وَرَسُولِهِ ۚ فَإِذَا اسْتَأْذَنُوكَ لِبَعْضِ شَأْنِهِمْ فَأْذَن لِّمَن شِئْتَ مِنْهُمْ وَاسْتَغْفِرْ لَهُمُ اللَّهَ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ

അല്ലാഹുവിലും അവന്റെ ദൂതനിലും ആത്മാര്‍ഥമായി വിശ്വസിക്കുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. പ്രവാചകനോടൊപ്പം ഏതെങ്കിലും പൊതുകാര്യത്തിലായിരിക്കെ, അദ്ദേഹത്തോട് അനുവാദം ചോദിക്കാതെ അവര്‍ പിരിഞ്ഞുപോവുകയില്ല. നിന്നോട് അനുവാദം ചോദിക്കുന്നവര്‍ ഉറപ്പായും അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്നവരാണ്. അതിനാല്‍ അവര്‍ തങ്ങളുടെ എന്തെങ്കിലും ആവശ്യനിര്‍വഹണത്തിന് നിന്നോട് അനുവാദം തേടിയാല്‍ നീ ഉദ്ദേശിക്കുന്നവര്‍ക്ക് അനുവാദം നല്‍കുക. അവര്‍ക്കുവേണ്ടി അല്ലാഹുവോട് പാപമോചനം തേടുക. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.