Home

7

ന്യായാധിപന്മാർ


123456789101112131415161718192021


6:1 --- യിസ്രായേൽമക്കൾ പിന്നെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു: യഹോവ അവരെ ഏഴു സംവത്സരം മിദ്യാന്റെ കയ്യിൽ ഏല്പിച്ചു.

6:2 --- മിദ്യാൻ യിസ്രായേലിൻ മേൽ ആധിക്യം പ്രാപിച്ചു; യിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം പർവ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുർഗ്ഗങ്ങളും ശരണമാക്കി.

6:3 --- യിസ്രായേൽ വിതെച്ചിരിക്കുമ്പോൾ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരെ വരും.

6:4 --- അവർ അവർക്കു വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന്നു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല.

6:5 --- അവർ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവർ ദേശത്തു കടന്നു നാശം ചെയ്യും.

6:6 --- ഇങ്ങനെ മിദ്യാന്യരാൽ യിസ്രായേൽ ഏറ്റവും ക്ഷയിച്ചു; യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു.

6:7 --- യിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം യഹോവയോടു നിലവിളിച്ചപ്പോൾ

6:8 --- യഹോവ ഒരു പ്രവാചകനെ യിസ്രായേൽമക്കളുടെ അടുക്കൽ അയച്ചു; അവൻ അവരോടു പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്നു നിങ്ങളെ കൊണ്ടുവന്നു;

6:9 --- മിസ്രയീമ്യരുടെ കയ്യിൽനിന്നും നിങ്ങളെ പീഡിപ്പിച്ച എല്ലാവരുടെയും കയ്യിൽനിന്നും ഞാൻ നിങ്ങളെ വിടുവിച്ചു അവരെ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞു, അവരുടെ ദേശം നിങ്ങൾക്കു തന്നു.

6:10 --- യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു എന്നും നിങ്ങൾ പാർക്കുന്നദേശത്തുള്ള അമോർയ്യരുടെ ദേവന്മാരെ ഭജിക്കരുതു എന്നും ഞാൻ നിങ്ങളോടു കല്പിച്ചു; നിങ്ങളോ എന്റെ വാക്കു കേട്ടില്ല.

6:11 --- അനന്തരം യഹോവയുടെ ഒരു ദൂതൻ വന്നു ഒഫ്രയിൽ അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിൻ കീഴെ ഇരുന്നു; അവന്റെ മകനായ ഗിദെയോൻ കോതമ്പു മിദ്യാന്യരുടെ കയ്യിൽ പെടാതിരിക്കേണ്ടതിന്നു മുന്തിരിച്ചക്കിന്നരികെവെച്ചു മെതിക്കയായിരുന്നു.

6:12 --- യഹോവയുടെ ദൂതൻ അവന്നു പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു അവനോടു പറഞ്ഞു.

6:13 --- ഗിദെയോൻ അവനോടു: അയ്യോ, യജമാനനേ, യഹോവ നമ്മോടു കൂടെ ഉണ്ടെങ്കിൽ നമുക്കു ഇതു ഒക്കെ ഭവിക്കുന്നതു എന്തു? യഹോവ നമ്മെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു എന്നു നമ്മുടെ പിതാക്കന്മാർ നമ്മോടു അറിയിച്ചിട്ടുള്ള അവന്റെ അത്ഭുതങ്ങൾ ഒക്കെയും എവിടെ? ഇപ്പോൾ യഹോവ നമ്മെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

6:14 --- അപ്പോൾ യഹോവ അവനെ നോക്കി: നിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യിൽനിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നതു എന്നു പറഞ്ഞു.

6:15 --- അവൻ അവനോടു: അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽവെച്ചു ഞാൻ ചെറിയവനും അല്ലോ എന്നു പറഞ്ഞു.

6:16 --- യഹോവ അവനോടു: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും എന്നു കല്പിച്ചു.

6:17 --- അതിന്നു അവൻ: നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ എന്നോടു സംസാരിക്കുന്നതു നീ തന്നേ എന്നതിന്നു ഒരു അടയാളം കാണിച്ചു തരേണമേ.

6:18 --- ഞാൻ പോയി എന്റെ വഴിപാടു കൊണ്ടുവന്നു നിന്റെ മുമ്പാകെ വെക്കുവോളം ഇവിടെനിന്നു പോകരുതേ എന്നു അവനോടു പറഞ്ഞു. നീ മടങ്ങിവരുവോളം ഞാൻ താമസിക്കാം എന്നു അവൻ അരുളിച്ചെയ്തു.

6:19 --- അങ്ങനെ ഗിദെയോൻ ചെന്നു ഒരു കോലാട്ടിൻ കുട്ടിയെയും ഒരു പറ മാവുകൊണ്ടു പുളിപ്പില്ലാത്ത വടകളെയും ഒരുക്കി മാംസം ഒരു കൊട്ടയിൽവെച്ചു ചാറു ഒരു കിണ്ണത്തിൽ പകർന്നു കരുവേലകത്തിൻ കീഴെ കൊണ്ടുവന്നു അവന്റെ മുമ്പിൽ വെച്ചു.

6:20 --- അപ്പോൾ ദൈവത്തിന്റെ ദൂതൻ അവനോടു: മാംസവും പുളിപ്പില്ലാത്ത വടകളും എടുത്തു ഈ പാറമേൽ വെച്ചു ചാറു അതിന്മേൽ ഒഴിക്ക എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു.

6:21 --- യഹോവയുടെ ദൂതൻ കയ്യിലുള്ള വടിയുടെ അറ്റംകൊണ്ടു മാംസവും പുളിപ്പില്ലാത്ത വടയും തൊട്ടു; ഉടനെ പാറയിൽനിന്നു തീ പുറപ്പെട്ടു മാംസവും പുളിപ്പില്ലാത്ത വടയും ദഹിപ്പിച്ചു; യഹോവയുടെ ദൂതൻ അവന്റെ കണ്ണിന്നു മറഞ്ഞു.

6:22 --- അവൻ യഹോവയുടെ ദൂതൻ എന്നു ഗിദെയോൻ കണ്ടപ്പോൾ: അയ്യോ, ദൈവമായ യഹോവേ, ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടു പോയല്ലോ എന്നു പറഞ്ഞു.

6:23 --- യഹോവ അവനോടു: നിനക്കു സമാധാനം: ഭയപ്പെടേണ്ടാ, നീ മരിക്കയില്ല എന്നു അരുളിച്ചെയ്തു.

6:24 --- ഗിദെയോൻ അവിടെ യഹോവെക്കു ഒരു യാഗപീഠം പണിതു അതിന്നു യഹോവ ശലോം എന്നു പേരിട്ടു; അതു ഇന്നുവരെയും അബീയേസ്ര്യർക്കുള്ള ഒഫ്രയിൽ ഉണ്ടു.

6:25 --- അന്നു രാത്രി യഹോവ അവനോടു കല്പിച്ചതു: നിന്റെ അപ്പന്റെ ഇളയ കാളയായ ഏഴുവയസ്സുള്ള രണ്ടാമത്തെ കാളയെ കൊണ്ടു ചെന്നു നിന്റെ അപ്പന്നുള്ള ബാലിൻ ബലിപീഠം ഇടിച്ചു അതിന്നരികെയുള്ള അശേര പ്രതിഷ്ഠയെ വെട്ടിക്കളക.

6:26 --- ഈ ദുർഗ്ഗത്തിന്റെ മുകളിൽ നിന്റെ ദൈവമായ യഹോവെക്കു നിയമപ്രകാരം ഒരു യാഗപീഠം പണിതു ആ രണ്ടാമത്തെ കാളയെ എടുത്തു നീ വെട്ടിക്കളയുന്ന അശേരപ്രതിഷ്ഠയുടെ വിറകുകൊണ്ടു ഹോമയാഗം കഴിക്ക.

6:27 --- ഗിദെയോൻ തന്റെ വേലക്കാരിൽ പത്തുപേരെ കൂട്ടി, യഹോവ തന്നോടു കല്പിച്ചതുപോലെ ചെയ്തു; എന്നാൽ അവൻ തന്റെ കുടുംബക്കാരെയും പട്ടണക്കാരെയും പേടിച്ചിട്ടു പകൽസമയത്തു അതു ചെയ്യാതെ രാത്രിയിൽ ചെയ്തു.

6:28 --- പട്ടണക്കാർ രാവിലെ എഴുന്നേറ്റപ്പോൾ ബാലിന്റെ ബലിപീഠം ഇടിഞ്ഞുകിടക്കുന്നതു കണ്ടു അതിന്നരികെയുള്ള അശേരപ്രതിഷ്ഠയും വെട്ടിക്കളഞ്ഞിരിക്കുന്നതും പണിതിരിക്കുന്ന യാഗപീഠത്തിങ്കൽ ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു.

6:29 --- ഇതു ചെയ്തതു ആരെന്നു അവർ തമ്മിൽ തമ്മിൽ ചോദിച്ചു, അന്വേഷണം കഴിച്ചപ്പോൾ യോവാശിന്റെ മകനായ ഗിദെയോൻ ആകുന്നു ചെയ്തതു എന്നു കേട്ടു.

6:30 --- പട്ടണക്കാർ യോവാശിനോടു: നിന്റെ മകനെ പുറത്തുകൊണ്ടുവരിക; അവൻ മരിക്കേണം; അവൻ ബാലിന്റെ ബലിപീഠം ഇടിച്ചു അതിന്നരികത്തു ഉണ്ടായിരുന്ന അശേരപ്രതിഷ്ഠയേയും വെട്ടിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.

6:31 --- യോവാശ് തന്റെ ചുറ്റും നില്ക്കുന്ന എല്ലാവരോടും പറഞ്ഞതു: ബാലിന്നു വേണ്ടി നിങ്ങളോ വ്യവഹരിക്കുന്നതു? നിങ്ങളോ അവനെ രക്ഷിക്കുന്നതു? അവന്നുവേണ്ടി വ്യവഹരിക്കുന്നവൻ ഇന്നു രാവിലെ തന്നേ മരിക്കേണം; അവൻ ഒരു ദൈവം എങ്കിൽ തന്റെ ബലിപീഠം ഒരുത്തൻ ഇടിച്ചുകളഞ്ഞതുകൊണ്ടു താൻ തന്നേ തന്റെ കാര്യം വ്യവഹരിക്കട്ടെ.

6:32 --- ഇവൻ അവന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാൽ ബാൽ ഇവന്റെ നേരെ വ്യവഹരിക്കട്ടെ എന്നു പറഞ്ഞു അവന്നു അന്നു യെരുബ്ബാൽ എന്നു പേരിട്ടു.

6:33 --- അനന്തരം മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാർ എല്ലാവരും ഒരുമിച്ചുകൂടി ഇക്കരെ കടന്നു യിസ്രായേൽതാഴ്വരയിൽ പാളയം ഇറങ്ങി.

6:34 --- അപ്പോൾ യഹോവയുടെ ആത്മാവു ഗിദെയോന്റെമേൽ വന്നു, അവൻ കാഹളം ഊതി അബീയേസ്ര്യരെ തന്റെ അടുക്കൽ വിളിച്ചുകൂട്ടി.

6:35 --- അവൻ മനശ്ശെയിൽ എല്ലാടവും ദൂതന്മാരെ അയച്ചു, അവരെയും തന്റെ അടുക്കൽ വിളിച്ചുകൂട്ടി; ആശേരിന്റെയും സെബൂലൂന്റെയും നഫ്താലിയുടെയും അടുക്കലും ദൂതന്മാരെ അയച്ചു; അവരും പുറപ്പെട്ടുവന്നു അവരോടു ചേർന്നു.

6:36 --- അപ്പോൾ ഗിദെയോൻ ദൈവത്തോടു: നീ അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കയ്യാൽ രക്ഷിക്കുമെങ്കിൽ ഇതാ,

6:37 --- ഞാൻ രോമമുള്ള ഒരു ആട്ടിൻ തോൽ കളത്തിൽ നിവർത്തിടുന്നു; മഞ്ഞു തോലിന്മേൽ മാത്രം ഇരിക്കയും നിലമൊക്കെയും ഉണങ്ങിയിരിക്കയും ചെയ്താൽ നീ അരുളിച്ചെയ്തതു പോലെ യിസ്രായേലിനെ എന്റെ കയ്യാൽ രക്ഷിക്കുമെന്നു ഞാൻ അറിയും എന്നു പറഞ്ഞു.

6:38 --- അങ്ങനെ തന്നേ സംഭവിച്ചു; അവൻ പിറ്റെന്നു അതികാലത്തു എഴുന്നേറ്റു തോൽ പിഴിഞ്ഞു, മഞ്ഞുവെള്ളം ഒരു കിണ്ടി നിറെച്ചെടുത്തു.

6:39 --- ഗിദെയോൻ പിന്നെയും ദൈവത്തോടു: നിന്റെ കോപം എന്റെ നേരെ ജ്വലിക്കരുതേ; ഞാൻ ഒരിക്കലുംകൂടെ സംസാരിച്ചുകൊള്ളട്ടെ; തോൽകൊണ്ടു ഒരു പരീക്ഷകൂടെ കഴിച്ചുകൊള്ളട്ടെ; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരിപ്പാൻ അരുളേണമേ എന്നു പറഞ്ഞു.

6:40 --- അന്നു രാത്രി ദൈവം അങ്ങനെ തന്നേ ചെയ്തു; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനെഞ്ഞുമിരുന്നു.